രാജ്യത്തെ എല്ലാ പഞ്ചായത്തുകളെയും അതിവേഗ ബ്രോഡ് ബാന്‍ഡ് ശ്യംഖലയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടു


          ഇന്ത്യയിലെ രണ്ടരലക്ഷത്തോളം വരുന്ന   പഞ്ചായത്തുകളെ അതിവേഗ ബ്രോഡ്ബാന്‍ഡ് ശ്യംഖലയില്‍ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുകളും വിവിധ സംസ്ഥാന സര്‍ക്കാറുകളും, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യേശ്യ സംവിധാനമായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് (BBNL)  ലിമിറ്റഡുമായി  ത്രികക്ഷിധാരണാപത്രം ഒപ്പിട്ടു. 2013 നവംബറോടു കൂടി പ്രവര്‍ത്തിച്ചു തുടങ്ങുന്ന ദേശീയ ബ്രോഡ് ബാന്‍ഡ്  ശ്യംഖലയില്‍ (NOFN-National Optical Fibre Network) കേരളവും ഒപ്പിട്ടതോടു കൂടി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജിഗാബൈറ്റ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ശ്യംഖല നിലവില്‍ വരും. പദ്ധതി നടത്തിപ്പിനായി എല്ലാ പഞ്ചായത്തുകളിലും 80 ചതു. അടി സ്ഥലവും അനുബന്ധ യന്ത്ര സാമഗ്രികള്‍ വെയ്ക്കാനുള്ള സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും കൂടാതെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുവാനുള്ള അനുമതിയും നല്കും. ഇതോടു കൂടി രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളും രണ്ടു വര്‍ഷം കൊണ്ടു ദേശീയ ബ്രോഡ്ബാന്‍ഡ് ശ്യംഖലയുടെ  (NOFN) ഭാഗമാകും.
                      ദേശീയ ബ്രോഡ് ബാന്‍ഡ് ശ്രംഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ ചിലവു വരും ഇത് മുഴുവനും  കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നിലവില്‍ ഫൈബര്‍ ഒപ്റ്റിക് ശ്യംഖലകള്‍ സ്വന്തമായുള്ള ബി.എസ്.എന്‍.എല്‍., പവര്‍ഗ്രിഡ്, റെയില്‍ടെക് തുടങ്ങിയ പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാന പങ്കാണുള്ളത്. ഇതില്‍ ആറു ലക്ഷത്തോളം കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍ ഒപ്റ്റിക് ശ്യംഖല സ്വന്തമായുള്ള ബി.എസ്.എന്‍.എല്‍. ഇതിലെ ഏറ്റവും നിര്‍ണ്ണായക പങ്കു വഹിക്കും. ഇവ കൂടാതെ  C-DOT, TCIL, NIC എന്നീ പൊതുമേഖലാ സാങ്കേതിക വികസന സ്ഥാപങ്ങളും ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.   
                    പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍  നല്കുന്ന പണം പ്രധാനമായും USO (UNIVERSAL SERVICE OBLIGATION FUND OF INDIA ) ഫണ്ടില്‍ നിന്നുമാണ്. നിലവില്‍ USO ഫണ്ടില്‍ ഇരുപത്തൊന്നായിരം കോടി രൂപ ബാലന്‍സുണ്ട്. കൂടാതെ വരും വര്‍ഷങ്ങളില്‍ ഈ ഫണ്ടില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനയുമുണ്ടാകുമെന്നുള്ളതു കൊണ്ട് ദേശീയ ബ്രോഡ്ബാന്‍ഡ് ശ്യംഖല പദ്ധതിക്ക് പണം ഒരു തടസ്സമാകില്ലെന്നു കരുതുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി ലഭ്യമാക്കേണ്ട ചുമതല ഇനി സംസ്ഥാനങ്ങള്‍ക്കാണ്. അതു കൊണ്ടു തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇ-ഗവേണന്‍സ് പദ്ധതികള്‍  ത്വരിതപ്പെടുത്തേണ്ടി വരും.
                   ദേശീയ ബ്രോഡ്ബാന്‍ഡ് ശ്യംഖലയില്‍ GPON (Gigabit Passive Optical Network) ടെക്നൊളജിയാണ് ഉപയോഗിക്കുന്നത്. ഈ ടെക്നൊളജിയില്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ടു തന്നെ സിഗ്നലുകള്‍ ഒരു ഫൈബര്‍ കേബിളില്‍ നിന്നും വിവിധ ലക്ഷ്യങ്ങളിലേക്ക് ഒരേ സമയം നല്കാന്‍ കഴിയും. ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്ത് സഞ്ചരിക്കുന്നതിനാല്‍  സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നു എന്നത് മേന്മയാണ്. കൂടാതെ ഉയര്‍ന്ന ബാന്‍ഡ് വിഡ്തും, കാര്യക്ഷമതയും, മള്‍ട്ടിമീഡിയയില്‍ മികച്ച പ്രകടനവും നല്കുന്നു.

                 ദേശീയ ബ്രോഡ് ബാന്‍ഡ് ശ്യംഖല നിലവില്‍ വരുന്നതോടെ രാജ്യത്തെ വാര്‍ത്താവിനിമയ-സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണുണ്ടാവുക. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ  ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എത്തുന്നതോടു കൂടി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ മികച്ച സേവനങ്ങള്‍ നല്കുവാനും, റെക്കൊര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിക്കാനും കഴിയും. കൂടാതെ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ മേഖലയിലും,  കാര്‍ഷിക വികസന രംഗം, വിവരസങ്കേതിക രംഗം, കാലാവസ്ഥ, ഇ എഡ്യുക്കേഷന്‍   തുടങ്ങി നിരവധി മേഖലകളില്‍ വളര്‍ച്ചയ്ക്കും കാര്യക്ഷമത വര്‍ദ്ധിക്കുന്നതിനും സഹായകരമാവുകയും ചെയ്യും. പൊതു മേഖലാ സ്ഥാപങ്ങള്‍ക്കു പുറമെ  ഇന്റര്‍നെറ്റ് സേവനദാതാക്കള്‍മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍, കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍,  വ്യവസായസ്ഥാപങ്ങള്‍ ഐ.റ്റി. സ്ഥാപനങ്ങള്‍, വിനോദവ്യവസായങ്ങള്‍ തുടങ്ങിയവയക്കൊക്കെ ഈ പദ്ധതി ഉപയോഗപ്പെടുത്താനാകും.  
  
സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍ 
     ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍

മികവുറ്റ സിനിമാ നിരൂപണവുമായി 'ചിത്രവിശേഷം'


            സിനിമയെ സ്നേഹിക്കുന്ന ഒട്ടേറെ ആളുകളുള്ള നമ്മുടെ നാട്ടില്‍, ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഉടനെ  ഇന്റര്‍നെറ്റിലൂടെ  നിരൂപകരുടെയും, സിനിമാപ്രേമികളുടെയും  വിലയിരുത്തലുകള്‍ മനസ്സിലാക്കിയ  ശേഷം തിയേറ്ററുകളിലേക്ക് പോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. സിനിമകളുടെ നിരൂപണവും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും, താരാരാധകരുടെ ചേരി തിരിഞ്ഞുള്ള പാരവെയ്പ്പുകളും, പുകഴ്ത്തലുകളും   സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും, ബ്ലോഗുകളിലും  നിറയുന്ന  ഇക്കാലത്ത്  വ്യത്യസ്ഥമാവുകയാണ് ചിത്ര വിശേഷം.
                   ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെ തുടങ്ങി പിന്നീട് ബ്ലോഗായി വികസിച്ച് ഇന്നിപ്പോള്‍ വെബ്സൈറ്റിന്റെ രൂപത്തില്‍ ഹരി എന്നയാള്‍  ചലച്ചിത്ര വിശേഷങ്ങള്‍   പങ്കു വെയ്ക്കുന്നയിടമാണ്  ചിത്രവിശേഷം. മലയാളം സിനിമകളുടെ നിരൂപണവും, വിശേഷങ്ങളും മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യുന്ന ചിത്രവിശേഷം ഒരു സിനിമയെ വ്യക്ത്മായി അപഗ്രഥിച്ച്, പഠിച്ച് വിശദമായ വിലയിരുത്തലുകളോടു കൂടിയാണ് വായനക്കാരനു മുന്നിലേക്കെത്തുന്നത്. കൂടാതെ മറ്റു നിരൂപണ പോര്‍ട്ടലുകളില്‍ നിന്നും വിത്യസ്ഥമായി ആസ്വാദക പക്ഷത്തു നിന്നുള്ള വിലയിരുത്തലുകള്‍ക്ക് ഊന്നല്‍ നല്കികൊണ്ട് ഓരോ സിനിമയ്ക്കും റേറ്റിംഗ് നല്കിയിട്ടുണ്ട് (ഇതിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റിന്റെ ഏറ്റവും മുകളില്‍ വലത്തേയറ്റത്ത് about എന്ന ലിങ്കില്‍ ലഭ്യമാണ്)  ഇത് വായനക്കാരന് ഒറ്റനോട്ടത്തില്‍ സിനിമയുടെ വിലയിരുത്തല്‍ നടത്താന്‍  സഹായകരമാണ്. 
              എങ്കിലും സിനിമ കാണുവാന്‍ തീരുമാനിക്കുന്ന പ്രേക്ഷകന് തീയേറ്ററുകളില്‍  ആ സമയം ലഭ്യമാകുന്ന ചിത്രങ്ങളെക്കുറിച്ച് ഒരു ചെറിയ ധാരണ നല്കുക,  ഒരു തിരഞ്ഞെടുപ്പിനു സഹായിക്കുക എന്നതു മാത്രമാണ് ചിത്രവിശേഷത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഈ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.  എന്തൊക്കെയായാലും  2006 മുതല്‍ വെബ്സൈറ്റ് രൂപത്തില്‍ പ്രസിദ്ധീകരണം തുടരുന്ന ചിത്രവിശേഷം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും വായനക്കാരനെ ആകര്‍ഷിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ്..

                       ചിത്രവിശേഷം സന്ദര്‍ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഏതു ടിവി വാങ്ങണം LCDയോ LEDയോ അതോ PLASMAയോ ?

                  
    1925 ഒക്ടോബര്‍ 2ന് ഒരു പാവയുടെ പ്രതിബിംബത്തെ തന്റെ താമസ സ്ഥലത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് വിജയകരമായി അയച്ചതോടെ ജോണ്‍ ലോഗി ബെര്‍ഡ് എന്ന സ്കോട്ട് ലണ്ടുകാരന്‍ മനുഷ്യരാശിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ടെലിവിഷന്‍ എന്ന ഉപകരണത്തിന്റെ കണ്ടു പിടുത്തത്തിനു നിദാനമാവുകയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ മറ്റേതു രംഗത്തൂള്ളതു പോലെ തന്നെ ടെലിവിഷനും വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയമായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിയില്‍ തുടങ്ങി കളര്‍ ടിവി, സെമി ഫ്ലാറ്റ് ടിവി, ഫ്ലാറ്റ് ടിവി, സ്റ്റീരിയോ ടിവി.,ഡിജിറ്റല്‍ ടിവി., പ്രൊജക്ടര്‍ ടിവി, LCD ടിവി, LED ടിവി, Plasma ടി.വി, DLP TV, ഹൈഡെഫനിഷന്‍ LCD/LEDടിവി,OLED ടിവി എന്നിങ്ങനെ ത്രീഡി ടി.വി.യില്‍  വരെ എത്തി നില്ക്കുമ്പോള്‍, പഴയ കാലഘട്ടത്തില്‍ നിന്നും വിത്യസ്തമായി ആധുനികമായ കാലഘട്ടത്തിലേക്കെത്തിയപ്പോള്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുക്കാന്‍ നിരവധി മോഡലുകളാണ് ഇന്നു വിപണിയില്‍ ലഭ്യമായിരിക്കുന്നത്. പഴയ ബ്ലാക്ക് ആന്‍ഡ്  വൈറ്റ് ടിവിക്കു പകരക്കാരനായി എത്തിയ കളര്‍ (CRT)  ടി.വിയെയും കവച്ചു വെച്ച് വൈഡ് സ്ക്രീന്‍ എല്‍.സി.ഡികളും, എല്‍.ഇ.ഡികളും, പ്ലാസ്മാ, ത്രീഡി ടെലിവിഷനുകളുമാണ് ഇന്ന് വിപണി വാഴുന്നത്.

              തൊണ്ണൂറുകളുടെ ആദ്യം നരസിംഹറാവു ഗവണ്‍മെന്റ് നടപ്പിലാക്കിയ സമൂഹ്യ-സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബ്രോഡ് കാസ്റ്റിംഗ് രംഗത്തുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയില്‍ ടെലിവിഷന്‍ പ്രേഷകരുടെ എണ്ണത്തില്‍ പതിന്‍ മടങ്ങ് വര്‍ദ്ധനയാണുണ്ടാക്കിയത്. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകളില്‍   ചാനലുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും, സംപ്രേഷണ രംഗത്തുണ്ടായ മാറ്റങ്ങളും പ്രേഷകരുടെ എണ്ണത്തെ സ്വാധീനിച്ചപ്പോള്‍  ഇന്ത്യയില്‍ ടെലിവിഷന്‍ സെറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു. ലോകത്തെ മികച്ച ടെലിവിഷന്‍ വിപണിയായി ഇന്ത്യ വളര്‍ന്നപ്പോള്‍ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ പരമാവധി വിലക്കുറവില്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ പരിശ്രമിച്ചു. വില കേട്ടാല്‍ ഞെട്ടുന്ന കാലം കഴിഞ്ഞതോടെ കച്ചവട രംഗവും ചൂടു പിടിച്ചു.
          ഇന്നു വിപണിയില്‍ പണ്ടു കാലത്തെ അപേക്ഷിച്ച് നിരവധി മോഡലുകളിലും ടെക്നോളജിയിലുമുള്ള ടെലിവിഷന്‍ സെറ്റുകള്‍ ലഭ്യമാണ്. അതു കൊണ്ടു തന്നെ ഏതു തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ അങ്കലാപ്പിലുമാണ്. ഒരു സാധാരണ ഇന്ത്യന്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരികുന്ന സി.ആര്‍.ടി. ടെലിവിഷന്റെ അവസാന അവതാരങ്ങളായ ഫ്ലാറ്റ്ടിവി, സ്ലിം ടിവി    തുടങ്ങിയ മോഡലുകള്‍ മേടിച്ച് ത്യപ്തിയടയുവാനാണ് ശ്രമിക്കുന്നതെങ്കിലും. ഈ അടുത്ത കാലങ്ങളില്‍ LCD പോലുള്ള പുതു തലമുറ ടെലിവിഷനുകളിലേക്ക് ധാരാളം ഉപഭോക്തക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇത് സി.ആര്‍.റ്റി ടെലിവിഷനുകളുടെ വില്പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവയുടെ ഒതുക്കവും ദ്യശ്യമേന്മയും, സൌകര്യം പോലെ ഭിത്തിയിലോ മേശപ്പുറത്തോ സ്ഥാപിക്കാമെന്നതും, സ്ക്രീന്‍ സൈസ് ഉയര്‍ന്നതും ശരിക്കും വിപണിയില്‍ വിപ്ലവം  തന്നെ സ്യഷ്ടിക്കുന്നു. നിലവിലുള്ള ടിവി. മാറി വാങ്ങുന്നവര്‍  LCDയിലോ LEDയിലോ ആണ്. കൈ വെയ്ക്കുന്നത്. അതു പോലെ നിലവിലുള്ള LCD ടിവി മാറ്റി ത്രീഡി ടിവി വാങ്ങുന്നവരുമുണ്ട്.


        
                                                      LCD TV
     LCD ഡിസ്പ്ലേ ടെക്നോളജി (Liquid Crystal display)ഉപയോഗിക്കുന്ന ടെലിവിഷന്‍ സെറ്റുകളാണ് LCD TV കള്‍. ഈ ടെക്നോളജിയില്‍ സ്ക്രീനുകള്‍ പ്രകാശം പുറപ്പെടുവിക്കുന്നില്ല. LCD പാനലിനു പുറകിലായി സ്ഥാപിച്ചിട്ടുള്ള CCFL (കോള്‍ഡ് കാഥോഡ്  ഫ്ലൂറസെന്റ് ലാംപ്) ആണ് LCD TV യില്‍ ലൈറ്റിംഗിനായി ഉപയോഗിക്കുന്നത്.

      നേട്ടങ്ങള്‍
  • ഏറ്റവും ചെറിയ സ്ക്രീന്‍ സൈസ് മുതല്‍ വലിയ സ്ക്രീന്‍ സൈസിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ വരെ  ഈ ടെക്നോളജിയില്‍ ലഭ്യമാണ്. 
  •  ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഫ്ലാറ്റ് ടിവി സ്ക്രീന്‍
  •  ഫ്ലാറ്റ് ടിവി മോഡല്‍
  • കനം കുറഞ്ഞ് ഒതുക്കമുള്ളതാണ്
  •  ഭിത്തിയില്‍ സ്ഥാപിക്കാന്‍ സാധിക്കും.
  •  കുറഞ്ഞ വൈദ്യുതി ഉപയോഗം 
  •  LED ടി.വി, Plasma ടി.വിയെ അപേക്ഷിച്ച് ഭാരക്കുറവ്.
  •  താരതമ്യേന വിലക്കുറവ്
  • 100000 മണിക്കൂര്‍ ലൈഫ് സ്പാന്‍ .
  •  പ്ലാസ് മാ ടിവിയുടെ അതേ സൈസിലുള്ള മോഡലുകളേക്കാള്‍ മെച്ചപ്പെട്ട റെസൊലൂഷന്‍  നല്കുന്നു.
  •  പുറത്തു നിന്നുള്ള വെളിച്ചത്തെ സ്ക്രീന്‍ റിഫ്ലക്റ്റ് ചെയ്യുന്നില്ല.
  •  പ്ലാസ്മ ടിവിയെക്കാള്‍ മെച്ചപ്പെട്ട വ്യൂവിംഗ് ആംഗിള്.
  • വിലക്കുറവുള്ള HD Ready, അതേ സമയം മികച്ച പിക്ചര്‍ നല്കുന്ന FULL HD  എന്നീ മോഡലുകളുടെ ലഭ്യത.
  • പ്ലാസ്മ ടിവി,ബാക്ക് ലിറ്റ് LED ടിവിയെക്കാള്‍ കുറഞ്ഞ വൈദ്യുത ഉപയോഗം .
      കോട്ടങ്ങള്‍
  • Contrast റേഷ്യോ കുറവാണ്.
  • ഇക്കോ ഫ്രണ്ടലി അല്ല. ലൈറ്റിംഗിനായി ഉപയോഗിക്കുന്ന CFLല്‍ മാരകമായ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം.
  • കൂറഞ്ഞ വിലയുടെ മോഡലുകളിലൂള്ള പിക്സല്‍ (Dead or Stuck) പ്രശ്നങ്ങള്‍.
  • LED TV യെ അപേക്ഷിച്ച് പിക്ചര്‍ ക്വാളിറ്റി കുറവ്.
  •  പുതിയ മെച്ചപ്പെട്ട LED TVയോടു കിടപിടിക്കുന്ന മോഡലുകകള്‍ക്കുള്ള വിലക്കൂടുതല്‍.                
     ആദ്യ കാലങ്ങളില്‍ എല്‍.സി.ഡി. ടിവികളുടെ പിക്ചര്‍ ക്വാളിറ്റി CRT ടിവികളെ അപേക്ഷിച്ച് വളരെ നിലവാരം കുറഞ്ഞതായിരുന്നെങ്കിലും ഈ രംഗത്തുണ്ടായ ഗവേഷണ ഫലമായി  വളരെ മെച്ചപ്പെട്ട  പിക്ചര്‍ ക്വാളിറ്റി നല്കുവാന്‍  സാധിച്ചിട്ടുണ്ട്. LED TV വിപണിയിലെത്തി  തുടങ്ങിയതോടെ നിറം മങ്ങിയ LCD ടിവികള്‍ പോരായ്മകള്‍ പരിഹരിച്ചു കൊണ്ട് മെച്ചപ്പെട്ട മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്.   
  
                                 
                                         LED TV 
               LCD ടിവിക്കു ശേഷം  വന്ന ടിവികളാണ് LED ടിവികള്‍ എല്‍. ഇ.ഡി ടിവികള്‍ യഥാര്‍ത്ഥത്തില്‍ എല്‍.സി.ഡി. ടിവികള്‍ തന്നെയാണ്.ഇവയുടെ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ കാര്യമായ വിത്യാസങ്ങള്‍ ഇല്ല. ഇവ LCD  (Liquid Crystal display) ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. പക്ഷേ വിത്യാസമുള്ളത് അവയുടെ ലൈറ്റിംഗ് സൊഴ്സില്‍ മാത്രമാണ്. LCD ടിവില്‍ലൈറ്റിംഗിനായി   പരമ്പരാഗത  CCFL (കോള്‍ഡ് കാഥോഡ്  ഫ്ലൂറസെന്റ് ലാംപ്) ഉപയോഗിക്കുമ്പോള്‍   LED  ടിവില്‍ ലൈറ്റിം ഗിനായി LED ബാക് ലൈറ്റിംഗ്  ഉപയോഗിക്കുന്നു. ഇതു തന്നെ രണ്ടു വിധമാണ്. ഫുള്‍ LED ടിവികളില്‍ ഫുള്‍ അറൈ ബാക് ലൈറ്റിംഗും LED ലിറ്റ്  ടിവികളില്‍ എഡ്ജ് ബാക് ലൈറ്റിംഗും ഉപയോഗിക്കുന്നു.

 Full LED  (Full-Array BackLight)  - പാനലിനു പുറകില്‍ LED ബള്‍ബുകള്‍ ലൈറ്റിംഗിനായി നിരനിരയായി അടുക്കി വെച്ചിരിക്കുന്ന രീതിയാണ്. ഇവയാണ് ഏറ്റവും മികച്ച പിക്ചര്‍ നല്കുന്ന ടിവികള്‍.
LED Lit (Edge BackLight) - പാനലിനു നാലു വശത്തും സ്ഥാപിച്ചിട്ടുള്ള LED ബള്‍ബുകള്‍ ഉപയോഗിച്ച് സ്ക്രീനിലേക്കു പ്രകാശിപ്പിക്കുന്ന രീതിയാണ്. ലൈറ്റ്  വശങ്ങളില്‍ നിന്നും വരുന്നതിനാല്‍ പിക്ചര്‍ ക്വാളിറ്റിയെ ബാധിക്കുന്നു.
    
      നേട്ടങ്ങള്‍
  •  മെച്ചപ്പെട്ട Contrast
  • മികച്ച വ്യൂവിംഗ് ആംഗിള്‍.
  • LED,Plasma യെക്കാള്‍ ആയുര്‍ദൈര്‍ഘ്യം .
  • മികച്ച പിക്ചര്‍ ക്വാളിറ്റി.
  • മികച്ച കളര്‍ ബാലന്‍ സിം ഗ് (Deeper Level of Color and Darkness).
  • ഇക്കോ ഫ്രണ്ടലി
  •  ഫ്ലാറ്റ് ടിവി മോഡല്‍
  • കനം കുറഞ്ഞ് ഒതുക്കമുള്ളതാണ്
  •  ഭിത്തിയില്‍ സ്ഥാപിക്കാന്‍ സാധിക്കും.
  •  ഗെയിമുകള്‍ക്ക് ഏറ്റവും യോജിച്ച ഡിസ്പ്ലേ സ്ക്രീന്‍ .
  • LED ലിറ്റ്  ടിവികള്‍ മറ്റേതു ടിവികളേക്കാള്‍  കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു.
  •  അടുത്ത കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ടിവി. സ്ക്രീന്‍ .
  •  കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതോടെ താരതമ്യേന നല്ല വിലക്കുറവില്‍ ലഭിക്കാനുള്ള സാധ്യത.
  • വിലക്കുറവുള്ള HD Ready, അതേ സമയം മികച്ച പിക്ചര്‍ നല്കുന്ന FULL HD  എന്നീ മോഡലുകളുടെ ലഭ്യത.
     കോട്ടങ്ങള്‍
  • തിരഞ്ഞെടുക്കാന്‍ LCD ടിവിയെക്കാള്‍ കുറഞ്ഞ സ്ക്രീന്‍ സൈസ് മോഡലുകള്‍.
  • LCD ടിവിയെക്കാള്‍ വിലക്കൂടുതല്‍ (LED Lit- Edge BackLight  ടിവിക്ക് വിലക്കുറവാണ്)
  • ഫുള്‍ LED ടിവികള്‍ LCDയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു.
  • LEDകള്‍  LCDടിവികളെക്കാള്‍ ഭാരമുള്ളവയാണ് പ്രത്യേകിച്ചും ഫുള്‍ LED(Backlight) ടിവികള്‍
  • LED ടിവികളില്‍ Full LED  (Full-Array BackLight) ടിവികളാണ് മികച്ച ദ്യശ്യാനുഭവം നല്കുന്നത്. LED Lit- Edge BackLight  ടിവി ശരാശരി നിലവാരം മാത്രമാണ്.
                                  പ്ലാസ്മാ ടിവി

             നിലവില്‍ ലോകത്ത് വളരെ കുറച്ചു നിര്‍മ്മാതാക്കള്‍ മാത്രമേ പ്ലാസ്മാ ഡിസ്പ്ലേ ടെക്നോളജി ഉപയോഗിച്ച് ടിവികള്‍ നിര്‍മിക്കുന്നുള്ളു. ഈ ടെക്നോളജിയില്‍ വലിയ ഡിസ്പ്ലെ സ്ക്രീനുകള്‍ മാത്രമേ നിര്‍മിക്കുവാന്‍ കഴിയുകയുള്ളൂ. അതേ സമയം LCD/LED ടെക്നോളജികളില്‍ മൊബൈല്‍ ഫോണ്‍ മുതല്‍ വലിയ ഹോര്‍ഡിംഗ് സ്ക്രീനുകള്‍ വരെ ഏതു വലിപ്പത്തിലുമുള്ള സ്ക്രീനുകള്‍   നിര്‍മിക്കുവാന്‍ സാധിക്കും എന്നതുകൊണ്ട് LCD/LED ഡീസ്പ്ലേ ടെക്കനോളജിയാണ്, ടിവി നിര്‍മാതാക്കള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

     നേട്ടങ്ങള്‍

  • മറ്റു ടിവികളെ അപേക്ഷിച്ച് ഏതു വശത്തു നിന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നു. 
  •  സാധാരണ ടിവികളെ അപേക്ഷിച്ച് ഈ ടെക്നോളജിയില്‍ മാഗ്നറ്റിക് ഫീല്‍ ഡിന്റെ സാന്നിധ്യം. പ്രശ്നമുണ്ടാക്കുന്നില്ല. അതായത് സ്പീക്കറുകളും മറ്റും ഇതിനടുത്തും മുകളിലും സ്ഥാപിച്ചാലും ഒരു കുഴപ്പവുമില്ല.
  •  വലിയ സ്ക്രീനില്‍ സിനിമ കാണുവാന്‍ ഏറ്റവും യോജിച്ച് ടിവി പ്ലാസ്മാ ടിവിയാണ്.

  • കമ്പ്യൂട്ടര്‍ സ്ക്രീനായി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും 
  • മികച്ച ദ്യശ്യാനുഭവം നല്കാന്‍ കഴിയുന്നു.
  • ടിവി സിഗ്നലുകളെ അപേക്ഷിച്ച് സാധാരണ അനലോഗ് സിഗ്നലുകളെ മികച്ച ദ്യശ്യമാക്കി മാറ്റാന്‍ കഴിവുണ്ട്.
കോട്ടങ്ങള്‍
  •  കൂടുതല്‍ പ്രകാശം പതിക്കുന്ന മുറികളില്‍ ഡിസ്പ്ലേ മോശമാകുന്നു
  •  കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യം. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം മണിക്കൂര്‍ വരെയെ ഈ ടെക്കനോളജിയില്‍ നിര്‍മാതാക്കള്‍ ടിവിക്ക് ആയുസ് നല്കുന്നുള്ളു.
  •  സൂക്ഷിച്ച് കൈകാര്യം ചെയ്തിലെങ്കില്‍ കേടാകാനുള്ള സാധ്യത കൂടുതല്‍ .
  •  ചാനല്‍ മാറ്റാതെ തുടര്‍ച്ചയായി  വെയ്ക്കുമ്പോള്‍ സ്ക്രീനില്‍ മങ്ങല്‍ ( burn in)അനുഭവപ്പെടുന്നു.
     
       ടിവി വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റു ചില കാര്യങ്ങള്‍
  1. ടിവി HD Ready അതോ Full HD -ഇന്നു ടിവി വാങ്ങുവാന്‍ പോകുന്ന ആളുകള്‍ സാധാരണ ശ്രദ്ധിക്കാറുള്ള  സാങ്കേതിക പദങ്ങളാണ് ടിവിയുടെ ഡിസ്പ്ലേ HD Ready വേണോ  Full HD വേണോ . ടിവിയുടെ ഡിസ്പ്ലേ 720p റെസലുഷന്‍ ആണ് HD Ready എന്നു പറയാറുള്ളത് അതേ സമയം 1080p റെസൊലുഷനെ Full HD എന്നും പറയുന്നു. സാധാരണയായി നമ്മുടെ കേബിള്‍ ടിവിയില്‍ അനലോഗ് സം പ്രേഷണം സ്റ്റാന്‍ഡാര്‍ഡ് ഡെഫിനിഷനിലും (480p)  സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ സംപ്രേഷണവും ,DTH ഉം 720pറെസൊലുഷനിലാണ് ആണ് ചിത്രങ്ങള്‍ നല്കുന്നത്. അതു കൊണ്ടു തന്നെ. ഇത്തരം സാഹചര്യത്തില്‍  HD റെഡിയിലും കൂടിയ ഡിസ്പ്ലേ ഉള്ള ടിവി വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍  അതേ സമയം DTH പ്ലാറ്റ്ഫോമില്‍  HD ചാനലുകളുടെ സംപ്രേഷണം  ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അത്തരം ഉപഭോക്താക്കള്‍ ക്ക് ഭാവി മുന്‍ കൂട്ടി കണ്ട്  Full HD ടിവി വാങ്ങുന്നതില്‍ തെറ്റില്ല. വീട്ടിലിരുന്ന് സിനിമ കാണുവാന്‍  ബ്ലൂറെ പ്ലെയര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ Full HD ടിവി വാങ്ങിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.
  2. ഇന്‍പുട്ട് പോര്‍ട്ടുകള്‍ പരിശോധിക്കുക - ഇപ്പോള്‍ ഡിവിഡി, ഡിജിറ്റല്‍ റിസീവര്‍, കേബിള്‍ ടിവി എന്നിവയുടെ അനലോഗ് പോര്‍ ട്ട് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പുതിയ ടിവി വാങ്ങുമ്പോള്‍ അവയില്‍  അനലോഗ് പോര്‍ട്ടുകള്‍ ഉണ്ടോയെന്നു പരിശോധിക്കണം. വാങ്ങുന്ന ടിവിയില്‍  ഒരു USB പോര്‍ ട്ടും 2HDMI പോര്‍ട്ടു കൂടി പരിഗണിക്കുകയാണെങ്കില്‍ കുറെ വര്‍ഷത്തേക്ക് ഇനി ടിവി മാറ്റി വാങ്ങേണ്ടതില്ല. കൂടാതെ ഈ പോര്‍ ട്ടുകളുടെ സ്ഥാനം കൂടി പരിഗണിക്കുന്നത് നല്ലതായിരിക്കും. ഭിത്തിയില്‍ ഘടിപ്പിക്കാനുള്ള ഉദ്ദേശത്തോടെ വാങ്ങുന്ന ടിവികളുടെ പോര്‍ട്ടുകള്‍ വശങ്ങളിലാണോയെന്ന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വശങ്ങളില്‍ പോര്‍ട്ടുകള്‍ ഉള്ള ടിവികള്‍ ചോദിച്ചു വാങ്ങുക.
          മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിക്കുന്നവയാണ്. അതേ സമയം കാശ് കൂടുതല്‍ മുടക്കാന്‍ കഴിവുള്ളവര്‍ക്കാണെങ്കില്‍  ലക്ഷങ്ങള്‍ വിലയുള്ള  സ്മാര്‍ട്ട് ടിവികള്‍  (ഇന്റര്‍നെറ്റ് റെഡി ടിവികളും,  3D ടിവികളും)  വിവിധ മോഡലുകളില്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.
 സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍ 
         ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍

എന്താണ് ജി.പി.എസ്. ?


              വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും നമ്മുടെ നാട്ടില്‍  സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെയും സംസാരങ്ങളില്‍ കടന്നു വരുന്ന ഒരു വാക്കാണ് ജി.പി.എസ്. അഥവാ ഗ്ലോബല്‍ പൊസ്സിഷനിംഗ് സിസ്റ്റം. ഇതു ചിലപ്പോള്‍ 2G മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകളിലെ ഇന്റര്‍നെറ്റ് സംവിധാനമായ ജി.പി.ആര്‍.എസ്. ആയും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാലും    നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ക്ക് ജി.പി.എസിനെക്കുറിച്ചും  അതിന്റെ പ്രാധാന്യത്തെക്കുറിച്ചും  യാതൊരു പിടിയുമില്ലാത്ത അവസ്ഥയില്‍ ജി.പി.എസ് എന്താണെന്നും അതിന്റെ പ്രയോജനങ്ങളെന്തെല്ലാമെന്ന് ആദ്യം  മനസ്സിലാക്കാം.
          ഭൂമിയില്‍ എവിടെ നിന്നും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും നിര്‍ണ്ണയിക്കാനുള്ള സംവിധാനത്തെയാണ് ജി.പി.എസ്.എന്നു വിശേഷിപ്പിക്കുന്നത്. പണ്ടു  കാലങ്ങളില്‍ മനുഷ്യന്‍ സൂര്യ ചന്ദ്രന്‍മാരെ ആശ്രയിച്ചായിരുന്നു സ്ഥാനനിര്‍ണ്ണയം നടത്തിയിരുന്നത്. ഇത്തരം പരമ്പരാഗത മാര്‍ഗ്ഗങ്ങളുടെ പരിമിതികള്‍ മറികടന്നു കൊണ്ട് വികസിച്ചതാണ് ജി.പി.എസ്. എന്ന ആധുനിക സങ്കേതം. ജി.പി.എസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത് പ്രധാനമായും  സാറ്റലൈറ്റുകളുടെയും,  നിരീക്ഷണത്തിനും നിയന്ത്രണത്തിനുമുള്ള ഭൌമ കേന്ദ്രങ്ങളുടെയും, ഉപഭോക്താവിന്റെ കൈയിലുള്ള ജി.പി.എസ്. റിസീവര്‍ എന്നീ  മൂന്നു ഘടകങ്ങളുടെ കൂടിച്ചേരല്‍ വഴിയാണ്. ഇവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിനു മുന്‍പ് ഇത്തരത്തിലുള്ള സംവിധാനം വികാസം പ്രാപിച്ചതിന്റെ ചരിത്രത്തിലേക്കൊന്നു കടന്നു ചെല്ലാം.
                 അമേരിക്കയില്‍ 1960 കളില്‍ തന്നെ സൈനികാവശ്യം ലക്ഷ്യമിട്ടു കൊണ്ട് മൊസൈക് എന്ന പേരില്‍  നാവിഗേഷന്‍ സംവിധാനത്തിനായി സാറ്റലൈറ്റുകള്‍ വിക്ഷേപിക്കപ്പെട്ടിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എങ്കിലും  1973 കൂടി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ​നവ്സ്റ്റാര്‍ (NAVSTAR) എന്ന പുതിയൊരു സംവിധാനത്തിനു തുടക്കം കുറിച്ചു കൊണ്ട് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുകയും ചെയ്തു. 1978  കൂടി പ്രവര്‍ത്തന ക്ഷമമായ ഈ സംവിധാനത്തെ ജി.പി.എസ് സംവിധാനത്തിന്റെ ആദ്യ ഘട്ടം എന്നു വിശേഷിപ്പിക്കാം. 1985 വരെ ഈ സംവിധാനം നില നില്ക്കുകയുണ്ടായി, എന്നാല്‍ ഇന്നുപയോഗിക്കുന്ന ജി.പി.എസ് സംവിധാനം രണ്ടാം ഘട്ടത്തിലുള്ളതാണ്. 1989 നും 1994 നും ഇടയ്ക്ക് പ്രവര്‍ത്തനക്ഷമമായ 27 സാറ്റലൈറ്റുകള്‍ ഉള്‍പ്പെടുന്ന ആധുനിക സംവിധാനമാണ് പുതിയ ജി.പി.എസ്.  ഇതില്‍ 24 സാറ്റലൈറ്റുകള്‍ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാണ്.   ഈ  സാറ്റലൈറ്റുകളില്‍ എതെങ്കിലുമൊന്ന് പ്രവര്‍ത്തനരഹിതമായാല്‍ ബാക്കിയുള്ള മൂന്നു സാറ്റലൈറ്റുകളില്‍ ഒരെണ്ണം പകരം പ്രവര്‍ത്തിക്കും. 
                അമേരിക്കന്‍ പ്രതിരോധ വകുപ്പിനു കീഴിലുള്ള ഇവയില്‍ നിന്നുള്ള സേവനം ലോകം മുഴുവന്‍ സൌജന്യമായാണ് നല്കപ്പെടുന്നത്. ജി.പി.എസ് സംവിധാനത്തിലുള്ള സാറ്റലൈറ്റുകള്‍ ഭൌമോപരിതലത്തില്‍ നിന്നും ഏകദേശം ഇരുപതിനായിരം കിലോമീറ്റര്‍ അകലെ ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നത്. ക്യത്യമായ ഭ്രമണ പഥത്തിലൂടെ ദിവസവും രണ്ടു തവണെയെങ്കിലും ഈ സാറ്റലൈറ്റുകള്‍ ഭൂമിയെ വലം ​വെയ്ക്കാറുണ്ട്. ഇവയില്‍ നാലെണ്ണമെങ്കിലും ഏതു സമയത്തും ഭൂമിയിലെവിടെ നിന്നും ബന്ധപ്പെടാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നത്. പത്തു വര്‍ഷത്തോളം മാത്രം ആയുസ്സ് കല്പ്പിച്ചിട്ടുള്ള ഈ ശ്രേണിയിലെ സാറ്റലൈറ്റുകള്‍ ക്യത്യമായ ഇടവേളകളില്‍ അപ്ഗ്രേഡു ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 
         സാറ്റലൈറ്റുകള്‍ ഭൂമിയിലേക്കയക്കുന്ന സിഗ്നലുകള്‍ ജി.പി.എസ് റിസീവറുകള്‍ പിടിച്ചെടുത്ത് വിശകലനം ചെയ്താണ് ഒരു വസ്തുവിന്റെ സ്ഥാനം  നിര്‍ണ്ണയിക്കുന്നത്. അക്ഷാംശവും, രേഖാംശവും നിര്‍ണ്ണയിക്കുന്ന സാറ്റലൈറ്റുകളും ഉയരം കണക്കാക്കുന്ന സാറ്റലൈറ്റുകളും വഴി ഓരോ വസ്തുവിന്റെയും ത്രിമാന സ്ഥാന നിര്‍ണ്ണയം സാധ്യമാവുകയും കൂടാതെ വിവിധ സാറ്റലൈറ്റുകളില്‍ നിന്നുള്ള  വിവരങ്ങളും വിശകലനം ചെയ്യുകയും ചെയ്താണ് റിസീവര്‍ ഒരു വസ്തുവിന്റെ ക്യത്യമായ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. അതോടൊപ്പം ഇന്ന് മൊബൈല്‍ ടവറിനെയും ആശ്രയിക്കുക കൂടി ചെയ്യുന്നതോടു കൂടി സ്ഥാന നിര്‍ണ്ണയം കൂടുതല്‍ ക്യത്യതയുള്ളതാകുന്നു.
         പ്രധാനമായും സൈനികാവശ്യത്തിനായി ഉപയോഗിക്കുന്നതിനാല്‍ സിവിലിയന്‍ ഉപയോഗങ്ങള്‍ക്കായി ലഭിക്കുന്ന സിഗ്നലുകളില്‍ നൂറു ശതമാനം ക്യത്യത ഇല്ലായിരുന്നു. എന്നാല്‍ സൈനികാവശ്യത്തിനു ഉപയോഗിക്കുന്ന അതേ സിഗ്നല്‍ സിവിലിയന്‍ ഉപയോഗത്തിനായി നല്കാമെന്ന് 2000ല്‍ അമേരിക്ക നിയമം പാസാക്കിയതോടെ 15 മീറ്ററിനുള്ളില്‍ വരെ ക്യത്യമായി സ്ഥാനം നിര്‍ണ്ണയിക്കാമെന്നായി. നിലവിലുള്ള GPS II വിലെ അപ്ഗ്രേഡഡ് സാറ്റലൈറ്റുകള്‍ക്കു പകരമായി GPS III യുടെ (2011ല്‍ യു.എസ്. എയര്‍ഫോഴ്സ് ഇതിന്റെ പ്രാഥമിക റിവ്യൂ നടത്തിയിരുന്നു) ഭാഗമായി ആധുനിക ഉപഗ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി ഒരു മീറ്ററിനുള്ളില്‍ വരെ ക്യത്യമായി സ്ഥാന നിര്‍ണ്ണയം നടത്താന്‍ സാധിക്കും.
                  ഇന്ന് വിവിധ രൂപത്തില്‍  ജി.പി.എസ് റിസീവറുകള്‍ വിപണിയില്‍ ലഭ്യമാണ്. വാഹനങ്ങളില്‍ നാവിഗേഷനായി ഭൂപടം ഉള്‍ ക്കൊള്ളിച്ച സാധാരണ ജി.പി.എസ് റിസീവറുകള്‍  മുതല്‍ ജി.പി.എസ് ഉള്‍ക്കൊള്ളിച്ചിട്ടൂള്ള മൊബൈല്‍ ഫോണുകള്‍ വരെ ഈ ശ്രേണിയില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ജി.പി.എസ്. സംവിധാനം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ്. പ്രവര്‍ ത്തിക്കുന്നത് ഈ രീതിയില്‍ മൊബൈല്‍ ഫോണില്‍  ഓണ്‍ലൈനായി മാപ്പുകള്‍  ഡൌണ്‍ലോഡു ചെയ്താണ് ഉപയോഗിക്കുന്നത്. ഇന്ന് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ജി.പി.എസ്. റിസീവറുകള്‍ സ്ഥാന നിര്‍ണ്ണയവും സഞ്ചാര പാതയും മാത്രമല്ല അതതു സമയത്തെ ട്രാഫിക്ക് സാഹചര്യങ്ങളെക്കുറിച്ചു കൂടി വിവരം നല്കുന്നവയാണ്.
                   ആദ്യകാലങ്ങളില്‍ സൈനികാവശ്യത്തിനു മാത്രമായി ഉപയോഗിച്ചിരുന്ന ജി.പി.എസ് സംവിധാനം ഇന്ന് ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന ഒന്നായി മാറിയതോടെ ഇതിന്റെ ആവശ്യകത വര്‍ദ്ധിക്കുകയും സര്‍വ്വ സാധാരണമാവുകയും ചെയ്തു. ഇപ്പോള്‍ നിലവിലുള്ള  GPS II വിലെ സാറ്റലൈറ്റുകളുടെ അപ്ഗ്രഡേഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഏറ്റവും ആധുനികമായ GPS III ശ്രേണിയിലുള്ള സാറ്റലൈറ്റുകള്‍ പ്രശസ്ത  അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ക് ഹീല്‍ഡ് മാര്‍ട്ടിന്‍ വികസിപ്പിച്ച്  നിര്‍മ്മാണത്തിലേക്കു കടന്നിരിക്കുകയാണ്. GPS II ശ്രേണിയിലെ സാറ്റലൈറ്റുകളും ഇവരാണ് വികസിപ്പിച്ചത്.
             ജി.പി.എസ്  ഇന്ന് രാജ്യ സുരക്ഷയില്‍ സുപ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ അമേരിക്കയില്‍ വികാസം പ്രാപിച്ച ഈ സംവിധാനത്തിന് ബദലായി വിവിധ രാജ്യങ്ങളില്‍ പുതിയ പേരില്‍ ഗ്ലോബല്‍ പൊസ്സിഷനിംഗ് സംവിധാനങ്ങള്‍ നിലവില്‍ വരുകയോ ഗവേഷണ ഘട്ടങ്ങളില്‍ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയോ ആണിപ്പോള്‍. റഷ്യയുടെ ഗ്ലോനാസ് GPS സംവിധാനം  ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ 2013 കൂടി പ്രവര്‍ത്തന സജ്ജമാകും, ചൈനയുടെ കോംപാസ് GPS സംവിധാനം ഇപ്പോള്‍ ഏഷ്യ പസഫിക്ക് മേഖലയില്‍ നാവിഗേഷന്‍ സൌകര്യം ​ലഭ്യമാക്കിയിട്ടൂണ്ട്. കൂടാതെ ലോകത്തെ പ്രമുഖ സാമ്പത്തിക സൈനിക ശക്തിയായ ഇന്ത്യയും ഈ രംഗത്ത് സ്വന്തം ജി.പി.എസ് സംവിധാനം എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിലാണ്. ഇന്ത്യന്‍  റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്ന  ഈ ജി.പി.എസ് സംവിധാനം 2014 കൂടി പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്...